Thursday, April 23, 2020

മിന്നുവിന്റെ ആട്ടിൻകുട്ടി.
.....................
മിന്നുവും ചിന്നുവും കളിക്കൂട്ടുകാരാണ്.
മിന്നുവിന്റെ വീട്ടിലെ കുഞ്ഞാടാണ് ചിന്നു .വെള്ളയും കറുപ്പും പുള്ളികളുള്ള നല്ല കൊഴുത്ത സുന്ദരിക്കുട്ടി. നീണ്ട ചെവികൾ.
ചിന്നുവിന്റെ കഴുത്തിൽ ഒരു മണിയുണ്ട്. മിന്നു കെട്ടിക്കൊടുത്ത കൊച്ചു മണി.
മിന്നു ചിന്നുവിനെയും എടുത്തു കൊഞ്ചിച്ചു കൊണ്ട് വീട്ടിനു ചുറ്റും നടക്കും. ചിന്നുവിന് ഇഷ്ടമുള്ള ബിസ്കറ്റും ഇലകളും വായിൽ വച്ചു കൊടുക്കും. അപ്പോൾ ചിന്നു ചെവി വീശി മിന്നുവിനെ തലോടും.
മിന്നു പള്ളിക്കുടത്തിൽ നിന്ന് എത്തിയാൽ ചിന്നു ഓടി അടുത്തെത്തും. രണ്ടു പേരും കൂടി അടുത്തുള്ള പറമ്പിലേക്കു പോകും ,കളിക്കാൻ .ചിന്നുവിന്റെ കഴുത്തിലെ മണിയൊച്ച കേൾക്കുമ്പോൾ അയലത്തെ കൂട്ടുകാരും ഓടി എത്തും.
അവർ ചിന്നുവിനെ മടിയിലിരുത്തി ഊഞ്ഞാലാടും .
മിന്നു പഠിക്കുമ്പോൾ ചിന്നുവും കൂടെ അടുത്തിരിക്കും.
ഒരു ദിവസം രാവിലെ ചിന്നുവിന്റെ കരച്ചിൽ കേട്ടാണ് മിന്നു ഉണർന്നത്. വല്ലാത്ത ഒരു മണികിലുക്കവും കേട്ടു .
മുറ്റത്ത് അച്ഛനോട് ഒരാൾ സംസാരിക്കുന്നത് മിന്നു കണ്ടു .
അയാൾ ചിന്നുവിന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന കയറിന്റെ തുമ്പത്ത് പിടിച്ചിരിക്കുന്നു.
ചിന്നുവിനെ അയാൾ കൊണ്ടു പോകുകയാണെന്ന് മിന്നുവിന് മനസ്സിലായി. മിന്നു ഓടി അടുത്തെത്തി.
ചിന്നു മിന്നുവിനെ നോക്കി കരഞ്ഞു.. മിന്നുവും ഒരുപാടു കരഞ്ഞു.
അച്ഛാ ചിന്നുവിനെ കൊണ്ടു പോകരുതെന്നു പറയച്ഛാ.
മിന്നുവിന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു.
മിന്നുവിന്റെ കരച്ചിൽ കേട്ടപ്പോൾ കൂട്ടുകാരും ഓടിയെത്തി. എല്ലാവർക്കും സങ്കടമായി. മിന്നു കയറിൽ പിടിച്ചു വലിച്ചു.
അച്ഛൻ മിന്നുവിനെ പിടിച്ചു മാറ്റി.
കൊണ്ടു പൊക്കോ ഖാദറേ. അച്ഛൻ അയാളോട് പറഞ്ഞു.
കൊണ്ടു പോകരുതേ ചിന്നുവിനെ.. മിന്നു നില വിളിച്ചു. ചിന്നുവിനെ കെട്ടിപ്പിടിച്ചു.
ചിന്നു തലകുനിച്ച് നിന്നു .
ചിന്നുക്കുട്ടിയെ കൊണ്ടു പോകരുതേ എന്നു മിന്നു ഖാദറിനോട് കേണപേക്ഷിച്ചു.
അതു കണ്ടപ്പോൾ ഖാദറിനു സങ്കടമായി.
അയാൾ ചിന്നുവിന്റെ കഴുത്തിലെ കെട്ടഴിച്ചു.
വേണ്ട സാറേ , എനിക്കു വേണ്ട, ഞാൻ ആട്ടിൻ കുട്ടിയെ കോണ്ടുപോകുന്നില്ല. വിറ്റാൽ ചെറിയ ലാഭം കിട്ടുമായിരിക്കും. അതിനേക്കാൾ വലുതാ സാറിന്റെ മകളുടെ സന്തോഷം. ആ കുരുന്നു മനസ്സിനെ വേദനിപ്പിക്കേണ്ട. ഖാദർ പറഞ്ഞു.
ചിന്നുവിനെ ഖാദർ മിന്നുവിന് വിട്ടു കൊടുത്തു.
മിന്നു നന്ദിയോടെ ഖാദറിനെ നോക്കി. അയാൾ പോയി.
മിന്നുവിനും കൂട്ടുകാർക്കും സന്തോഷമായി. ചിന്നുവും സന്തോഷത്തോടെ ചാടിക്കളിച്ചു.
അവളുടെ കഴുത്തിൽ കെട്ടിയ മണി ഉച്ചത്തിൽ കിലുങ്ങി.
അവർ ചിന്നുവിനോടൊപ്പം കളിക്കാനായി ഓടി പറമ്പിലേക്ക് പോയി.
.... .................................
ആനന്ദക്കുട്ടൻ മുരളീധരൻ
രക്തം കുടിച്ചിട്ട് കൊതുക്
ചോദിച്ചു പോലും,
എന്താ ജാതി.?
........................................
മനുഷ്യൻ
ശ്വസിച്ച വായുവിനോട്,
കുടിച്ച ജീവജാലത്തോട്,
കിടന്ന മണ്ണിനോട്,
ആകാശത്തോട്,
ചോദിച്ചു, ജാതിയേത് ?
വായുവും ജലവും പറഞ്ഞു ,
ഞങ്ങൾക്ക് ജാതിയില്ല.
മരിച്ച ജീവനെ മണ്ണിലേക്കയച്ചപ്പോൾ
മണ്ണുപറഞ്ഞു, എനിക്കില്ല ജാതി.
മണ്ണ് ചോദിച്ചുമില്ല , ജാതിയേതെന്ന്.?
മരവും മരം തന്ന തണലും ,
മഴയും ചോദിച്ചില്ല , ജാതിയേത്?
കാറ്റും കടലും ചോദിച്ചില്ല .
ആധിയും വ്യാധിയും പറഞ്ഞു ,
ഞങ്ങൾക്കുമില്ല ജാതി.
മനുഷ്യനു സംശയം ,
നിഴലിനോടു പോലും , നിന്റെ
ജാതിയും , മതവുമേത്?
നിനക്കു മാത്രമേ ജാതിയുള്ളു ,നിഴൽ പറഞ്ഞു.
"നിന്റെ ജാതി തന്നെ എനിക്കും.
ഏറ്റവും വ്യത്തികെട്ട മനുഷ്യ ജാതി."
...................
ആനന്ദക്കുട്ടൻ മുരളീധരൻ.

Thursday, April 11, 2019

തണ്ണീർ നൊമ്പരം.
...............................

കുട്ടി :- "ഏകയായ് നിൽക്കുന്ന പൊൻപനിനീർച്ചെടി,
ഏകാന്തവാസമോ നിൻ കൗതുകം ?
എകനായ് വന്നെത്തി പൂന്തേൻനുകർന്നൊരാ
പൂമ്പാറ്റ നിന്നോടെന്തു ചൊല്ലി.?"

ചെടി :- "തേനിന്നു മാധുര്യം തീരെയില്ലെന്നുമെൻ,
പൂമണം പാടെ കുറഞ്ഞു പോയെന്നും,
അയലത്തു നിന്ന പനിനീർപ്പൂവുകൾ,
അകലത്തു പറയാതെ പോയ് മറഞ്ഞെന്നും,
അങ്ങനെ ഓരോരോ വ്യാഴങ്ങൾ ചൊല്ലീട്ട
വൻവേഗേന പാറിപ്പറന്നു പോയി. "

(മണ്ണിൽ തണ്ണീർ കുറഞ്ഞു പോയോ?
മാനത്തു മഴ മേഘം മാഞ്ഞു പോയോ?
ഇലകളും പൂക്കളും സൂര്യതാപത്താൽ
കൊഴിഞ്ഞു കരിഞ്ഞു മറഞ്ഞു പോയോ?)

കുട്ടി :- "മണ്ണിലെ വെള്ളം വലിച്ചു കുടിക്ക നീ,
നിൻ മാനസം വേഗം തണുത്തീടട്ടേ..
അപ്പോൾ തേനിന്നു മധുരമുണ്ടാകും,
പൂമണം പൂവിന്നേറെയുണ്ടാകും.."

ചെടി :- "മണ്ണിൽ വെള്ളം തീരെയില്ലുണ്ണീ,
പിന്നെ ഞാനെങ്ങനെ കുളിരേകിടും?
താഴോട്ടു മണ്ണിലേക്കോടിയെൻ വേരുകൾ
തണ്ണീരു കാണാതെ കാത്തുനില്പു.
മണ്ണിന്നു പോലും വെള്ളമില്ലെന്നവർ (മണ്ണ്)
എണ്ണീടുകാരോടു കേഴുന്നുണ്ടോ?

തണ്ടുകൾ തീരെമെലിഞ്ഞതു കാണുമ്പോൾ
താങ്ങാനെനിക്കൊട്ടുമാവില്ലുണ്ണീ.
ഇലകൾ വാടിക്കുഴഞ്ഞുനില്ക്കുന്നതും
പുക്കൾ കരിഞ്ഞു നിറം മങ്ങി നില്പതും
ഉണ്ണിക്കും കാണുവാനാകുമല്ലോ?
എല്ലാം ഗ്രീഷ്മകാലത്തിന്റെ നൊമ്പരങ്ങൾ!!

ഒരു കുമ്പിൾ തണ്ണീരു കിട്ടിയില്ലെങ്കിൽ
ഞാനുമുടനെ തളർന്നു വീഴും.
പൂക്കൾ വിടർത്തുവാൻ പുമണം
വീശുവാനെനിക്കിനിയും നാളുകൾ
ജീവിക്കണം..
ആശ തീർന്നില്ലെനിക്കുണ്ണിയീമണ്ണിൽ
ജീവിതമിനിയെത്ര ബാക്കി നില്പൂ .."

അതു കേൾക്കെയുണ്ണിക്കു പിടഞ്ഞു നെഞ്ചക ,
മറിയാതെ കണ്ണു നിറഞ്ഞു .
വെക്കം വീട്ടിലേക്കോടിയുണ്ണി
ഒരു കിണ്ണം തണ്ണീരു താങ്ങിയെത്തി.
കുഞ്ഞുകൈക്കുമ്പിളിൽ കോരി മെല്ലെ ഉണ്ണിയച്ചെടിയെപ്പതിയെനനച്ചു നിന്നു.

'നന്ദി പറയുവാനാച്ചെടിച്ചില്ലകൾ
മന്ദമായി ചാഞ്ചാടിയാടി നിന്നു.'

ആനന്ദത്തോടെയാകാഴ്ച കണ്ടമ്മ
"പൊന്നേ നീ ചെയ്തതു പുണ്യം ,
തണ്ണീർ നമുക്കൊട്ടുമില്ലെങ്കിലും,
ആ ചെടിക്കണ്ണീർ ഒട്ടൊന്നുമാറുമല്ലോ.
തണ്ണീരുള്ളതുപകത്തു നൽകി നമുക്ക്
നമ്മാലാവും വിധം നൻമ ചെയ്യാം.


ചെടികളും പൂക്കളും ചേർത്തു നമുക്കൊരു
ചേലുള്ളൊരാലയം തീർത്തു കൂടാം."

ആനന്ദക്കുട്ടൻ. എം.
1/02/2019
വെള്ളിയാഴ്ച.

വിളവിന്റെ ബാക്കി പത്രം.

വിളവിന്റെ ബാക്കിപത്രം
........................................

പാടം കിളച്ചു മറിച്ചു കർഷകൻ
പാവം വെയിലിൽ വിയർത്തു വാടി..

വറ്റിവരണ്ടു കരിഞ്ഞ പാടം,
കൊറ്റികളില്ലാത്ത പാടം.

മഴ കണ്ട നാളു മറന്ന കാലം, ഇന്ന്
മിഴിനട്ടു മഴ കാത്തു നിന്നു പാവം.

കാലത്തെഴുന്നേറ്റു കാക്കുട്ട കെട്ടി ,
കാലങ്ങൾ പിന്നിട്ട ചേല ചുറ്റി ,
കാതങ്ങൾ പിന്നിട്ടു പാടമെത്തി ,
കാതോർത്തു നിന്നു മഴയാരവം ..

അകലെങ്ങാടെവിടയോ പെയ്യുന്നു മഴ ,
ഒരു കുളിർ കാറ്റു പതിയെയെത്തി ,
ആ മഴ പാടത്തുമെത്തുമെന്നാശയാൽ
അയാൾ കാത്തിരുന്നു വൃഥായേറേനേരം.

കാറുകൾ മാനത്തേറെയുണ്ടെങ്കിലും
പെയ്യാത്തതെന്തേ , ചിന്തിച്ചയാൾ...
................................................. :..............
ദൂരെ പുഴയിലെ വെള്ളം ചുമന്നയാൾ
പാടം പതിവായി നനച്ചു.

കാക്കുട്ടയേന്തി തഴമ്പിച്ചതോളത്തു
കാരിരുമ്പിന്റെ മൺകോരിതാങ്ങി

പാടം കിളച്ചു മറിച്ചു , കർഷകൻ. .

വിത്തു വിതച്ചു , വിത്തു മുളച്ചു ,
വിളവു വിളഞ്ഞു , പാടം നിറഞ്ഞു
മനസ്സു നിറഞ്ഞു കർഷകന്നും..
.........................................................
വിളവു നിറഞ്ഞ പാടത്തു നിന്നയാൾ
ഒരുപാടു സ്വപ്നങ്ങൾ കണ്ടു...
കിടാങ്ങൾക്കു പുത്തൻ കോടികൾ വാങ്ങണം,
ഒരു പുത്തൻ ചേല കിടാത്തിക്കു വാങ്ങണം,
ഒരു പുത്തൻ മുണ്ടു , തനിക്കും വാങ്ങണം,
കൂരമിനുക്കി വെടിപ്പാക്കണം, കൂടെ
ഓരത്തൊരോലപ്പുര കെട്ടണം,
പുരയിലൊരു കുഞ്ഞു കന്നിനെ കെട്ടി,
വളർത്തി മെരുക്കി പാലു കറക്കണം.

'ഒരു തരി പൊന്നെൻ കിടാത്തിക്കുവാങ്ങണം
ഒരുപാടു നാളത്തെ മോഹമല്ലേ '.

വിളവെടുക്കേണ്ട കാലമായി ...
......................................................

കിടാത്തിയോടൊത്തു കിടാങ്ങളെത്തി
പാടത്തെ വിളവർ കൊയ്തെടുത്തു.

കുട്ട നിറച്ചവർ വിളവെടുത്തു
തലയിൽച്ചുമന്നു നടന്നു വേഗം
കമ്പോളമെത്തി , ചുമടെടുത്തു , താങ്ങി
തറയിൽ നിരത്തി വച്ചു.

പെട്ടെന്നവർ കേട്ടു ഞെട്ടിച്ച വാർത്ത!!
'വിളവിന്നു വില തീരെയില്ല.' വിളവിന്നു വിലയൊട്ടുമില്ല.'
വിളറിത്തളർന്നു കരഞ്ഞു പാവങ്ങൾ
വിശപ്പകറ്റാനും ഗതിയില്ലയോ?

പാവമാകർഷൻ കണ്ട സ്വപ്നങ്ങൾ
എല്ലാം വ്യഥാവിലായ്ത്തീരുമെന്നോ?

വിലയില്ലാ വിളവിനി വീട്ടിലേയ്ക്കന്തിന്നു
വേദനയോടെ വലിച്ചെറിഞ്ഞു..
വിളവിന്റെ സ്ഥാനമിനി ചാരത്തുചേർന്നുള്ള
ചീഞ്ഞുനാറുന്നചവറ്റുകൊട്ട.

'എന്തിനി ചെയ്യും'ഞാനിനിയെന്നചിന്തയാൽ
കരയാതെ കരഞ്ഞയാൾ നിന്നു ...
.......................................................................

പാടത്തു നിന്നയാൾ വാരിയെടുത്തു ഒരു പിടി മണ്ണു തൻ കൈക്കുമ്പിളിൽ..
നെഞ്ചോടു ചേർത്തു നോക്കി നിന്നു ,
മേലേ താരങ്ങളിലാത്ത വാനം ..

ഒരു തുള്ളി കണ്ണീരാമണ്ണിൽ വീണു..
ഒരു തേങ്ങലാമണ്ണിലലിഞ്ഞു ചേർന്നു.
വിളവു കൂട്ടാനുളള വിഷ രാസവസ്തു
മണ്ണോടു ചേർത്തു കുഴച്ചെടുത്തു.
'വിഷമണ്ണുകൂട്ട 'യാൾ വെമ്പലോടെ
വായിലേക്കിട്ടു വിഴുങ്ങി വേഗം ..

കണ്ണു കറങ്ങുന്നു , മേനി തളരുന്നു ,
കാലു കുഴയുന്നു , നാവു വരളുന്നു ,
വിറയാർന്നവസാനം വിങ്ങലോടെ
വീണുപോയ് പെട്ടെന്നാ പാടമണ്ണിൽ..
പാടവരമ്പത്തു തല ചായ്ച്ചു തേങ്ങി ,
പാടം മാത്രമാണേക സാക്ഷി...

ഒരു കരം മണ്ണിൽത്തലോടി , മറുകരംനെഞ്ചിലമർത്തി ,
അറിയാതടഞ്ഞു മിഴികൾ മെല്ലെ ,
വിടവാങ്ങി , ...ആത്മാവുയർന്നുപൊങ്ങി
ആകാശ ലോകത്തു പോയ് മറഞ്ഞു..
.............................................................

എല്ലാം വിലയില്ലാ വിളവിൻ ബാക്കിപത്രം.
എല്ലാം വിലയില്ലാ വിളവിൻ ബാക്കിപത്രം.

ആനന്ദക്കുട്ടൻ. എം
മാർച്ച് 20, 2018